2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

പ്രണയത്തിന്‍ പ്രയാണം.... - pranayathin prayanam

ജന്മാന്തരങ്ങളില്‍ നമ്മള്‍ മഴത്തുമ്പികളായ് പുനര്‍ജനിച്ചേക്കാം. സ്വപ്നങ്ങള്‍ വിരിയിച്ച നിന്റെ ചിറകുകളുടെ തണലില്‍ ഞാന്‍ കണ്ണടച്ചേക്കാം. ഋതുഭേദങ്ങള്‍ക്കുമപ്പുറം .... ജനിമൃതിയുടെ പ്രണയത്തിന്റെ പ്രണയസംഗീതത്തിന് നമ്മള്‍ കാതോര്‍ത്തേക്കാം.നിന്റെ ഹൃദയം മറവിയുടെ മൂടുപടമെടുത്തണിഞ്ഞേക്കാം. നിന്നില്‍ നിന്നും എന്റെ ചിറകുകള്‍ അടര്‍ത്തിമാറ്റിപ്പെട്ടേക്കാം.പ്രണയത്തിന്‍ നിന്നും വിരഹമെന്ന അവസ്ഥയിലേക്ക് ഞാന്‍ പ്രയാണമാരംഭിച്ചിരിക്കാം...
***********************************************************

പെയ്‌തൊഴിയാതെ.... Peythozhiyathe

സ്വപ്നങ്ങളുടെ മാനത്ത് പ്രണയത്തിന്റെ മേഘങ്ങള്‍ കൂട്ടുകൂടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ കനവുകളുടെ ഇലത്തുമ്പുകള്‍ നിന്റെ സ്‌നേഹത്തിന്റെ തുള്ളികള്‍ക്കായ് കാത്തിരിക്കുന്നു. തണുത്തുറഞ്ഞ നിന്റെ വിരലുകള്‍ കോര്‍ത്ത അനുരാഗത്തിന്റെ നനുത്തപൂക്കള്‍ എവിടെയോ മറഞ്ഞുപോയ സൗഹൃദത്തെ ഓര്‍മ്മപ്പെടുത്തി നീ പെയ്‌തൊഴിയുന്നു, പെയ്‌തൊഴിയാതെ....
***************************************************************

സ്വപ്നങ്ങള്‍ മാത്രം - swapnangal matram

നിലാവുറഞ്ഞ് കിടക്കുന്ന ഏകാന്തതയുടെ സന്ധ്യകള്‍. ഒരു ജാലകപ്പഴുതിലൂടെ നിന്റെ ഗന്ധം എന്റെ കണ്‍പീലികളെ ചുംബിച്ചുണര്‍ത്തുന്നു. നീയെന്റെ സാരിത്തലപ്പുകളില്‍ മുഖമൊളിപ്പിച്ച് നിഴലായി ഉറങ്ങുന്നു. സ്വപ്നങ്ങളിലൂടെ വിരഹത്തിന്റെ വളപ്പൊട്ടുകള്‍ കഥ പായുന്നു. എന്റെ സ്വപ്നങ്ങള്‍  മാത്രം വാടാന്‍ തുടങ്ങുമ്പോള്‍ നിന്റെ സ്വപ്നങ്ങള്‍ വിരിയാന്‍ തുടങ്ങുന്നത് ഞാനറിയുന്നു.
****************************************************************

പ്രണയമെന്ന തീര്‍ത്ഥയാത്ര - Pranayamenna Theerthayatra

ഒരു പാദസരക്കിലുക്കം അകന്നകന്നുപോവുന്നതുപോലെ നിന്റെ പൊട്ടിച്ചിരികളുടെ ഓര്‍മ്മകള്‍ എന്നിലസ്തമിക്കുകയാണ്. തുറന്നിട്ട വാതായനങ്ങളിലൂടെ അപ്പോഴൊരു കാറ്റ് വന്ന് മന്ത്രിക്കുകയാണ്.ഇതെന്റെ യാത്രയാണ്. പ്രണയമെന്ന തീര്‍ത്ഥയാത്ര. നിന്റെ ഓര്‍മ്മകളെ മാത്രമായുള്ള അനന്തമായയാത്ര.
*****************************************************************